Friday, July 25, 2014

ദിലീപും മഞ്ജുവാര്യരും

ഡെക്കാൺ ക്രോണിക്കിളിൽ കഴിഞ്ഞ വർഷം വന്ന റിപ്പോർട്ടനുസരിച്ച് വിവാഹമോചനക്കേസുകളുടെ ആധിക്യം മൂലം തിരുവനന്തപുരം നഗരം കേവലം കേരളത്തിന്റെ തലസ്ഥാനം മാത്രമായല്ല, ഇന്ത്യയുടെ തന്നെ ഡിവോഴ്സ് ക്യാപ്പിറ്റൽ - വിവാഹമോചനതലസ്ഥാനം – കൂടി ആയതായി വിശേഷിപ്പിയ്ക്കപ്പെട്ടിരുന്നു. കേരളത്തിലെ പതിന്നാലു ജില്ലകളിൽ ഏറ്റവുമധികം വിവാഹമോചനക്കേസുകളുണ്ടായിരുന്നത് തിരുവനന്തപുരത്തായിരുന്നെന്ന് ആ റിപ്പോർട്ടു ചൂണ്ടിക്കാട്ടി. മറ്റു പല ജില്ലകളും തിരുവനന്തപുരത്തിന്റെ തൊട്ടു പുറകിൽത്തന്നെയുണ്ട്. വിവാഹമോചനക്കേസുകളിലെ പ്രതിവർഷ വർദ്ധനവിന്റെ കാര്യത്തിൽ കേരളം മുൻപന്തിയിലാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ രണ്ടേമുക്കാൽ ശതമാനം മാത്രമാണ് കേരളജനസംഖ്യയെങ്കിലും 2011ൽ ഇന്ത്യയിലാകെയുണ്ടായിരുന്ന വിവാഹമോചനം ചെയ്യപ്പെട്ട വനിതകളുടെ പത്തു ശതമാനത്തോളം കേരളത്തിലായിരുന്നു. ഇതുകൊണ്ടെല്ലാം വിവാഹമോചനങ്ങൾ കേരളത്തിലൊരു പുതുമയല്ലാതായിത്തീർന്നിട്ടുണ്ട്. സിനിമാരംഗത്ത് വിവാഹമോചനങ്ങൾ കൂടുതലുണ്ടെന്നു കരുതാൻ ന്യായമില്ലെങ്കിലും, ആ രംഗത്തെ പ്രഗത്ഭരുടെ വിവാഹമോചനം വളരെയധികം ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. മുകേഷും സരിതയും, ഉർവ്വശിയും മനോജ് കെ ജയനും, മമതയും പ്രെഗിത്തുംകാവ്യാ മാധവനും നിശാൽ ചന്ദ്രയും, ജ്യോതിർമയിയും നിശാന്തും, രേവതിയും സുരേഷ് മേനോനും - ഇവരെല്ലാം വേർപിരിഞ്ഞ ജോടികളാണ്. ഇവരിൽ പലരുടേയും വേർപിരിയലുകൾ വലുതായ ജനശ്രദ്ധയാകർഷിച്ചിരുന്നു.

എന്നാൽ മലയാളസിനിമാലോകത്ത് സമീപകാലത്തുണ്ടായ എല്ലാ വിവാഹമോചനങ്ങളേക്കാളും കൂടുതൽ ജനശ്രദ്ധയാകർഷിച്ചിരിയ്ക്കുന്നത് ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വേർപിരിയലാണെന്നു നിസ്സംശയം പറയാം. ഈ വേർപിരിയൽ ജനശ്രദ്ധയാകർഷിയ്ക്കുക മാത്രമല്ല
, മലയാളസിനിമാപ്രേമികളിൽ പലരേയും നൊമ്പരപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകണം. ദീലിപും മഞ്ജുവാര്യരും വിവാഹമോചനത്തിനായി എറണാകുളം കലൂരിലെ പ്രത്യേക കുടുംബകോടതിയിൽ ജൂലായ് ഇരുപത്തിനാലിന് സംയുക്ത ഹര്‍ജി നല്‍കി. കൗണ്‍സലിങ്ങിനു ശേഷം ഇരുവരും പിരായാനുളള തീരുമാനത്തിൽ ഉറച്ചു നിന്നാ കോടതി അന്തിമതീരുമാനമെടുക്കുംഎന്നാണു പത്രത്തിൽ പറഞ്ഞിരിയ്ക്കുന്നത്. കേരളത്തിലെ ചില കോടതികളുമായി ബന്ധപ്പെട്ട് മീഡിയേഷൻ ആന്റ് കൺസിലിയേഷൻ സെന്ററുകളുണ്ട്, അവിടങ്ങളിൽ മാദ്ധ്യസ്ഥം വഹിയ്ക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച മീഡിയേറ്റർമാരുണ്ട്. ദിലീപിന്റേയും മഞ്ജുവാര്യരുടേയും കേസ് ഈ മീഡിയേറ്റർമാരുടെ മുന്നിലെത്തുമോയെന്ന കാര്യം പത്രത്തിലില്ല. വരുന്ന ജനുവരി മാസം ഇരുപത്തേഴാം തീയതിയാണ് കോടതി ഈ കേസ് ഇനി പരിഗണിയ്ക്കുക. രണ്ടു പേരും വേർപിരിയുകതന്നെ വേണം എന്ന നിലപാടിൽത്തന്നെ അന്നും ഉറച്ചു നിൽക്കുകയാണെങ്കിൽ അന്നു വിവാഹമോചനം പ്രാബല്യത്തിൽ വരും, അവർ വിവാഹമോചിതരാകും. അത്തരമൊരു നിലപാടാണ് ഇരുവരും ജൂലായ് ഇരുപത്തിനാലാം തീയതി എടുത്തതെങ്കിലും, ഇനിയൊരു തിരിച്ചുപോക്ക് അസാദ്ധ്യമായാണു കാണപ്പെടുന്നതെങ്കിലും, ആറു മാസം കഴിയുമ്പോഴേയ്ക്ക് ആ നിലപാടിൽ മാറ്റം വന്നു കൂടെന്നില്ല. സ്പർദ്ധകളൊന്ന് ആറിത്തണുക്കാൻ കൂടി ഉദ്ദേശിച്ചുള്ള സമയമാണീ ആറുമാസം. വ്യക്തിബന്ധങ്ങൾക്ക് പുതിയൊരു ഊഷ്മളത ഈ ആറുമാസം കൊണ്ടു കൈവന്നെന്നും വരാം. മകൾ മീനാക്ഷിയ്ക്ക് ഇക്കാര്യത്തിൽ വലിയൊരു പങ്കു വഹിയ്ക്കാനായാൽ പ്രത്യേകിച്ചും.

വിവാഹമോചനങ്ങൾ സാധാരണസംഭവങ്ങളായി മാറിയിട്ടുണ്ടെങ്കിലും, ചില കാര്യങ്ങൾ ഈ വേർപിരിയലിനെ വേറിട്ടതാക്കുന്നു. അവയിലൊന്ന് പത്രത്തിൽ പറഞ്ഞിട്ടുണ്ട്:  വ്യക്തിജീവിതത്തെ മുറിപ്പെടുത്തുന്ന തരത്തിൽ പരസ്പര ആരോപണങ്ങളില്ലാതെ സംയുക്തഹർജി നൽകി ബന്ധം വേർപെടുത്താൻ ഇരുവരും തീരുമാനിയ്ക്കുകയായിരുന്നു”. ഈയൊരു നിലപാട് രണ്ടുപേരുമെടുത്തത് ശ്ലാഘനീയമാണ്. ഏകദേശം പതിനാറു വർഷം നീണ്ടു നിന്ന ദാമ്പത്യത്തിനിടയിൽ സ്നേഹത്തിൽ ചാലിച്ച നിരവധി മനോഹര മുഹൂർത്തങ്ങളുണ്ടായിരുന്നു കാണും. സ്മരണയിൽ തങ്ങിനിൽക്കുന്ന ആ മുഹൂർത്തങ്ങളുടെ മനോഹാരിതയ്ക്കു കോട്ടം തട്ടാതെ അവ ആജീവനാന്തകാലം ഇരുവരുടേയും ഉള്ളിൽ നില നിൽക്കാനിതു സഹായിയ്ക്കും. അഭിപ്രായഭിന്നതകൾ വേർപിരിയലിലേയ്ക്ക് എത്തിച്ചിരിയ്ക്കുന്നെങ്കിലും, ഇരുവരും കൂടിയുള്ള ദാമ്പത്യത്തെപ്പറ്റി വരുംകാലങ്ങളിൽ ചിന്തിയ്ക്കുമ്പോഴെല്ലാം ഈ മനോഹരമുഹൂർത്തങ്ങളാകണം അവരുടെ മനസ്സിലേയ്ക്കോടി വരുന്നത്. ഒരു പക്ഷേ ഇത്തരം ഓർമ്മകൾ ജനുവരി ഇരുപത്തേഴിനു മുൻപ് തങ്ങളുടെ നിലപാടുകളിൽ അയവു വരുത്താൻ സഹായകമാകുകയും ചെയ്തേയ്ക്കാം. പതിനാറു വർഷം ചെറിയൊരു കാലയളവല്ല. കേരളത്തിലെ നിരവധി വിവാഹമോചനക്കേസുകളുടെ സ്ഥിതിവിവരക്കണക്കുകളെ ആധാരമാക്കിയുള്ള അവലോകനത്തിൽ കാണുന്നത് വിവാഹം കഴിഞ്ഞയുടനെയുള്ള മൂന്നു വർഷത്തിനിടയിലാണ് ഏറ്റവുമധികം കേസുകളുത്ഭവിയ്ക്കുന്നതെന്നാണ്. പതിനാറു വർഷം ദമ്പതിമാരായി ജീവിച്ച ശേഷം വിവാഹമോചനത്തിലെത്തുന്നതു താരത‌മ്യേന വിരളമാണെന്ന് അവലോകനത്തിൽ നിന്നു മനസ്സിലാകുന്നു.

ഈ വേർപിരിയലിന്റെ മറ്റൊരു സവിശേഷത പത്രവാർത്തയിൽ നിന്നുദ്ധരിയ്ക്കട്ടെ: മഞ്ജുവാര്യർ ദിലീപുമായുള്ള വിവാഹബന്ധം അവസാനിപ്പിയ്ക്കുന്നത് അർഹതപ്പെട്ട ജീവനാംശം പോലും വാങ്ങാതെ, തന്റെ പേരിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപയുടെ സ്വത്ത് ദിലീപിനു തിരിച്ചെഴുതിക്കൊടുക്കാനും മഞ്ജു തീരുമാനിച്ചു.രണ്ടായിരത്തഞ്ചിലെ പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്റ്റ് നിലവിൽ വന്നതോടെ ഗാർഹികപീഡനം വിവാഹമോചനത്തിനുള്ള അംഗീകൃതകാരണങ്ങളിലൊന്നായിത്തീർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഗാർഹികപീഡനത്തിന്റെ പേരിൽ കോടതികൾ വനിതകൾക്ക് വിവാഹമോചനം അനുവദിച്ചിരുന്നു. പക്ഷേ, പിൽക്കാലത്ത് ഭർത്താവിന്റെ സ്വത്തി കഴിയുന്നത്ര വലിയൊരു ഭാഗം കൈവശപ്പെടുത്താൻ വേണ്ടി വനിതകൾ മുൻപറഞ്ഞ നിയമത്തിന്റെ പിൻബലത്തിൽ ഗാർഹികപീഡനം ദുരുപയോഗപ്പെടുത്തുന്നതായി കോടതികൾ തന്നെ അഭിപ്രായപ്പെട്ടിരിയ്ക്കുന്ന പശ്ചാത്തലത്തിൽ നോക്കുമ്പോൾ, തനിയ്ക്കു ദിലീപിന്റെ സ്വത്തിന്റെ പങ്കു വേണ്ടെന്നു വയ്ക്കാൻ മാത്രമല്ല, തന്റെ പേരിൽ ദിലീപ് സമ്പാദിച്ചിരിയ്ക്കുന്ന കോടിക്കണക്കിനു രൂപ വില മതിയ്ക്കുന്ന സ്വത്തുക്കളെല്ലാം ദിലീപിനു തിരിച്ചുകൊടുക്കാൻ പോലും മഞ്ജുവാര്യരെടുത്തിരിയ്ക്കുന്ന തീരുമാനം മഞ്ജുവാര്യരോട് പൊതുജനത്തിനുള്ള ആദരവു പതിന്മടങ്ങു വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. കോടിക്കണക്കിനു രൂപ വിലമതിയ്ക്കുന്ന സ്വത്തുക്കൾ, അതും അർഹതപ്പെട്ടവ, വേണ്ടെന്നു വയ്ക്കുന്ന വനിതകൾ കേരളത്തിലെന്നല്ല, ഇന്ത്യയിൽ‌പ്പോലും അധികമുണ്ടാവില്ല. മഞ്ജുവാര്യർ ഇനി വെള്ളിത്തിരയിൽ സംസാരിയ്ക്കാൻ പോകുന്ന ഓരോ വാക്കിനും ഈ വ്യക്തിവൈശിഷ്ട്യത്തിന്റെ മൂല്യവും പിൻബലമുണ്ടാകും.

ആകെ നാലു വർഷം മാത്രമേ മഞ്ജുവാര്യർ സിനിമാലോകത്തു സജീവമായിരുന്നുള്ളു. 1995-99 കാലത്ത് വെറും ഇരുപതു ചിത്രങ്ങളിൽ മാത്രമേ അക്കാലത്ത് അഭിനയിച്ചുള്ളു താനും. ഇത്ര ചുരുങ്ങിയ കാലവും ഇത്ര ചുരുക്കം ചിത്രങ്ങളും കൊണ്ട് മലയാളസിനിമാപ്രേമികളുടെ ഉള്ളിൽ സ്ഥിരപ്രതിഷ്ഠനേടിയ മറ്റൊരു മലയാളനടി ഇതിനുമുൻപുണ്ടായിട്ടില്ല. പ്രേമിയ്ക്കുകയും നൃത്തം ചെയ്യുകയും കരയുകയും ചെയ്യുന്നതിനപ്പുറം മറ്റൊന്നും മലയാളസിനിമയിലെ നായികമാർക്ക് പൊതുവിൽ ചെയ്യേണ്ടി വരാറില്ല. പല നായികമാരും സിനിമയിൽ സംസാരിയ്ക്കുന്നത് സ്വന്തം ശബ്ദത്തിലല്ല, കടമെടുത്ത ശബ്ദത്തിലാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, മഞ്ജുവാര്യർ ശക്തമായ റോളുകൾ അനാ‍യാസേന അഭിനയിയ്ക്കുകയും ശക്തമായ സംഭാഷണം സ്വന്തം ശബ്ദത്തിൽ ശക്തമായിത്തന്നെ അവതരിപ്പിയ്ക്കുകയും ചെയ്തു. മഞ്ജുവാര്യർ ലോകോത്തരനിലവാരമുള്ള കലാകാരിയാണെന്നു യശഃശരീരനായ തിലകൻ ഒരിയ്ക്കൽ പറഞ്ഞിരുന്നു. അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും വൈദഗ്ദ്ധ്യമുണ്ട്, മഞ്ജുവാര്യർക്ക്. ഇതുകൊണ്ടെല്ലാമായിരിയ്ക്കണം, 1998ൽ വിവാഹം കഴിച്ച ഉടനെ മഞ്ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മലയാളസിനിമാപ്രേമികൾക്കുണ്ടായ നിരാശ വളരെ വലുതായിരുന്നത്. വിവാഹത്തോടെ നായികനടിമാർ അഭിനയം നിർത്തിപ്പോകുന്ന പതിവിനെ അന്ന് ഒട്ടേറെപ്പേർ പഴിച്ചിട്ടുണ്ടാകണം. മഞ്ജുവാര്യർ കഴിഞ്ഞ വർഷം  മടങ്ങിവന്നപ്പോൾ സിനിമാലോകം ഐകകണ്ഠ്യേന സ്വാഗതം ചെയ്തു. വിവാഹശേഷവും അഭിനയലോകത്തു തുടരാനുള്ള

സാമൂഹ്യാന്തരീക്ഷവും സാഹചര്യവും മലയാളിനടിമാർക്കു ലഭ്യമായിരുന്നെങ്കിൽ എന്നാശിച്ചു പോകുകയാണ്. മഞ്ജുവാര്യർ-ദിലീപ് ബന്ധം വേർപിരിയലിൽ അവസാനിയ്ക്കുന്നെങ്കിൽപ്പോലും മഞ്ജുവാര്യർ പുനരാരംഭിച്ചിരിയ്ക്കുന്ന അഭിനയജീവിതം പൂർവ്വാധികം ഉഷാറോടെ തുടരുന്നെങ്കിലത് സിനിമാപ്രേമികളെ സന്തോഷിപ്പിയ്ക്കുക തന്നെ ചെയ്യും. മുപ്പത്തഞ്ചു വയസ്സു കഴിഞ്ഞിട്ടേ ഉള്ളു മഞ്ജുവാര്യർക്ക്. വിവാഹജീവിതത്തിന്നിടയിൽ വിനിയോഗിയ്ക്കപ്പെടാതെ പോയ മഞ്ജുവാര്യരുടെ അഭിനയപ്രതിഭയിൽ നിന്ന് അവിസ്മരണീയമായ നിരവധി റോളുകൾ ഇനി മലയാളസിനിമയ്ക്കു ലഭിയ്ക്കുമെന്നാശിയ്ക്കാം.

ഇരുപതു വയസ്സുമാത്രം പ്രായമായിരുന്ന മഞ്ജുവാര്യരെ പ്രണയിച്ചു വിവാഹം കഴിച്ച് ആ പ്രതിഭയെ പടർന്നു പന്തലിയ്ക്കാനനുവദിയ്ക്കാതെ സ്വന്തം വീട്ടിലെ അകത്തളങ്ങളിൽ പതിനഞ്ചു വർഷത്തോളം ഒതുക്കിനിർത്തിയതിനും ഇപ്പോൾ വേർപിരിയലിലെത്തിച്ചതിനുമായി ദിലീപിനെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്നൊരു വിഭാഗം കേരളത്തിലുണ്ടാകാനിടയുണ്ട്. എങ്കിലും ദിലീപിനെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലാണു ഞാൻ. വില്ലന്മാരെയൊക്കെ ഇടിച്ചു നിലം പരിശാക്കുന്ന അമാനുഷികരായിരുന്നു, ആണ്, നമ്മുടെ സിനിമകളിലെ നായകന്മാരിൽ ഭൂരിഭാഗവും. അവരിൽ നിന്നു വേറിട്ടു നിൽക്കുന്നു, ദിലീപിന്റെ റോളുകൾ. സാധാരണക്കാരിൽ ഒരുവനായുള്ളതായിരുന്നു, ദിലീപിന്റെ ഭൂരിഭാഗം റോളുകളും. അവയിൽ മിയ്ക്കതും സാധാരണക്കാരുടെ ഭാഷ സംസാരിച്ചു, അവരോടു ചേർന്നു നിന്നു. മഞ്ജുവാര്യർ ശക്തിയുടെ പ്രതീകമായിരുന്നെങ്കിൽ ദിലീപിന്റെ അഭിനയം ലാളിത്യത്തിന്റെ പ്രതീകമായിരുന്നു. തിളക്കം, ചാന്തുപൊട്ട്, മീശമാധവൻ, കല്യാണരാമൻ, അങ്ങനെ ജനത്തിന്, പ്രത്യേകിച്ചും കുട്ടികൾക്ക്, വളരെ ഇഷ്ടപ്പെട്ട നിരവധി റോളുകൾ ദിലീപ് ആ‍യാസരഹിതമായി അവതരിപ്പിച്ചു, അതുകൊണ്ടുതന്നെ ജനപ്രിയനടനാവുകയും ചെയ്തു. നർമ്മം ഇത്രത്തോളം സ്വാഭാവികമായി അവതരിപ്പിയ്ക്കുന്ന മറ്റൊരു നായകനടൻ നമുക്കില്ല. ജയറാമിനെ മറന്നുകൊണ്ടല്ല, ഇതു പറയുന്നത്.

ദിലീപിനെ ഇഷ്ടപ്പെടാനുള്ള മറ്റൊരു കാര്യം പത്രവാർത്തയിൽത്തന്നെയുണ്ട്; അതിവിടെ ഉദ്ധരിയ്ക്കട്ടെ: “...വിവാഹത്തിനു ശേഷം ദിലീപിന്റെ ആസ്തികളിൽ പലതും മഞ്ജുവിന്റെ പേരിലാണു രജിസ്റ്റർ ചെയ്തിരുന്നത്. പലയിടത്തുമുള്ള ഭൂമിയും സ്ഥാപനങ്ങളും ഇതിലുൾപ്പെടുന്നു...ഭാര്യയുടെ പേരിൽ സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നത് രണ്ടു കാര്യങ്ങളാണു സൂചിപ്പിയ്ക്കുന്നത്: ഭാര്യയോടുള്ള സ്നേഹമാണ് അവയിലൊന്ന്. ഭാര്യയിലുള്ള വിശ്വാസമാണു മറ്റൊന്ന്. ദാമ്പത്യത്തിന്റെ തുടക്കത്തിൽ ദിലീപ് മഞ്ജുവാര്യരെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നെന്ന് ഇതു തെളിയിയ്ക്കുന്നു. ദിലീപിനെ സ്നേഹത്തോടെ വീക്ഷിയ്ക്കാൻ തോന്നുന്നതിന് ഒരു കാരണം കൂടിയുണ്ട്: മകൾ മീനാക്ഷി ദിലീപിന്റെ കൂടെയാണുള്ളത്. അച്ഛനെ സ്നേഹിയ്ക്കുന്നതുകൊണ്ടാകണം മീനാക്ഷി അച്ഛന്റെ കൂടെ തുടരുന്നത്. മഞ്ജുവിനു തന്നോട് ഒരിയ്ക്കലുണ്ടായിരുന്ന സ്നേഹം തുടർന്നും നേടുന്നതിൽ ദിലീപ് പരാജയപ്പെട്ടെങ്കിലും, മകളുടെ സ്നേഹവും സാമീപ്യവും ദിലീപിന് നേടാൻ കഴിഞ്ഞിരിയ്ക്കുന്നു. മീനാക്ഷി അച്ഛന്റെ കൂടെ തുടരുന്നതുകൊണ്ട് അമ്മയോടു സ്നേഹമില്ലെന്നു വ്യാഖ്യാനിയ്ക്കാനാവില്ല. മീനാക്ഷിയ്ക്ക് തീർച്ചയായും അമ്മയോടും സ്നേഹമുണ്ടാകും. മീനാക്ഷിയ്ക്ക് പതിനഞ്ചു വയസ്സേ ആയിട്ടുള്ളു, മീനാക്ഷിയ്ക്കു ചെയ്യാവുന്ന കാര്യങ്ങൾക്കു പരിമിതികളുണ്ട്. എന്നിരുന്നാലും മകളുടെ സ്നേഹത്തിന് അമ്മയേയും അച്ഛനേയും പുനഃസമാഗമത്തിലേയ്ക്കു നയിയ്ക്കാനാകുമോ, മഞ്ജുവാര്യരും ദിലീപും നായികാനായകന്മാരായി അഭിനയിയ്ക്കുന്ന സിനിമ വീണ്ടും ഉണ്ടാകുമോയെന്ന് ആ പ്രതിഭകളുടെ ആരാധകർ ആകാംക്ഷയോടെ, ആശയോടെ ഉറ്റു നോക്കിപ്പോകുന്നുണ്ട്. അതു സാദ്ധ്യമായാൽ പുനഃസമാഗമങ്ങളുടെ ഒരു ശൃംഖലയ്ക്കായിരിയ്ക്കാം തുടക്കമാകുന്നത്. അടിയ്ക്കടിയുള്ള വിവാഹമോചനങ്ങൾ കലുഷിതമാക്കിക്കൊണ്ടിരിയ്ക്കുന്ന ഇവിടുത്തെ സാമൂഹ്യാന്തരീക്ഷത്തിന് അത്തരമൊരു മാറ്റം അത്യന്താപേക്ഷിതമായിരിയ്ക്കുന്നു.

വാർത്തകൾ കൈയ്പു നിറഞ്ഞവയോ മധുരിയ്ക്കുന്നവയോ എന്നു വിവേചിയ്ക്കാതെ അവ പൊതുജനസമക്ഷം നിരത്തി വയ്ക്കുകയാണു പത്രധർമ്മം. എങ്കിലും, പലപ്പോഴും പത്രധർമ്മപാലനത്തിലുപരിയായൊരു സവിശേഷതാത്പര്യം പത്രങ്ങൾ ദിലീപിന്റേയും മഞ്ജുവാര്യരുടേയും കാര്യത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും, ആ സവിശേഷതാത്പര്യം എത്രതന്നെ ഉദ്ദേശശുദ്ധമായിരുന്നെങ്കിൽ‌പ്പോലും അത് ഇരുവരുടേയും അകൽച്ചയെ ത്വരിതപ്പെടുത്തിയെന്നും ഒരു തോന്നലുണ്ട്.

No comments:

Post a Comment